This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രെയിന്‍, വാള്‍ട്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രെയിന്‍, വാള്‍ട്ടര്‍

Crane, Walter (1845 - 1915)

വാള്‍ട്ടര്‍ വാള്‍ട്ടര്‍

ഇംഗ്ലീഷ് ചിത്രകാരന്‍. റാഫേലിനു മുമ്പുള്ള ഒരു പ്രധാന ചിത്രകാരനായി ഇദ്ദേഹത്തെ കണക്കാക്കുന്നു.

ഛായാചിത്രകാരനായിരുന്ന തോമസ് ക്രെയിനിന്റെ മകനായി ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ 1845 ആഗ. 15-ന് ജനിച്ചു. ഒരധ്യാപകനായിരുന്ന ഇദ്ദേഹം മാന്‍ചെസ്റ്റര്‍ സ്കൂള്‍ ഒഫ് ആര്‍ട്ട് (Manchester School of Art 1893-96), റെഡിങ് കോളജ് (Reading College, 1896-98), എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായും റോയല്‍ കോളജ് ഒഫ് ആര്‍ട്ട് (Royal College of Art, 1889-99) പ്രിന്‍സിപ്പിലായും സേവനം അനുഷ്ഠിച്ചു. ലണ്ടനിലെ താമസവും ഡബ്ള്യു.ജെ. ലിണ്ടനുമായുള്ള ബന്ധവും ചിത്രരചനയെകുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഇദ്ദേഹത്തിന് പ്രേരണയായി. ജപ്പാന്റെ വര്‍ണപ്പകിട്ടാര്‍ന്ന അച്ചടിയുടെ അനുകരണം വാള്‍ട്ടറിന്റെ തൊഴിലിനു സാങ്കേതിക പുരോഗതി നേടിക്കൊടുത്തു. കുട്ടികള്‍ക്കുവേണ്ടിയുള്ള പല ഗ്രന്ഥങ്ങളിലും ഇദ്ദേഹം ഈ പുതിയ രീതി പ്രാവര്‍ത്തികമാക്കുകയും ചെയ്തു. റാഫേലിനു മുമ്പുള്ളതും റസ്കിന്റെതുമായ ആശയങ്ങള്‍ വാള്‍ട്ടറിന്റെ ചിത്രങ്ങളിലുടനീളം കാണാം. 1889-ല്‍ റോയല്‍ വാട്ടര്‍ കളര്‍ സൊസൈറ്റി(Royal Water Colour Society)യുമായി ബന്ധപ്പെടുകയും 1902-ല്‍ അതിലെ ഒരു അംഗമാകുകയും ചെയ്തു. കുട്ടികള്‍ക്കുവേണ്ടിയുള്ള ധാരാളം ഗാനങ്ങളും പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1873-ലെ ദ് ഫ്രോഗ്പ്രിന്‍സ് (The Frog Prince) എന്ന ഇദ്ദേഹത്തിന്റെ പുസ്തകത്തില്‍ ജപ്പാന്‍ സ്വാധീനം തികച്ചും പ്രകടമാണ്. നീതിബോധവും സദാചാരവും ഇദ്ദേ ഹത്തിന്റെ ചിത്രങ്ങളുടെ വിശേഷതയാണ്. വാള്‍ട്ടറിന്റെ പ്രധാന സംഭാവനകള്‍ ജസ്റ്റിസ് ആന്‍ഡ് കോമണ്‍ വീല്‍ (Justice and Common Weal), വീക്ലി കാര്‍ട്ടൂണ്‍സ് ഫോര്‍ സോഷ്യലിസ്റ്റ് പീരിയോഡിക്കല്‍സ് (Weekly Cartoons for Socialist Periodicals) മുതലായവയാണ്. വാള്‍ട്ടര്‍ 1888-ല്‍ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് എക്സിബിഷന്‍ സൊസൈറ്റി ഒഫ് ലണ്ടന്‍ (Arts and Crafts Exhibition Society of London) എന്ന സംഘടന ഉണ്ടാക്കി. ചിത്രങ്ങളിലൂടെ പുസ്തകങ്ങള്‍ തയ്യാറാക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലി. പുസ്തകങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ഇതു വളരെ സഹായകരമാകുകയും ചെയ്തു. ബാലപാഠങ്ങളുടെ സാങ്കല്പിക ചിത്രീകരണമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ജര്‍മനിയുടെയും ഇറ്റലിയുടെയും അലങ്കാരകലയെ അനുകരിച്ച് വില്യം മോറിസിന്റെ സഹായത്തോടെ കെല്‍മ്സ്കോട്ടില്‍നിന്നു പ്രസിദ്ധീകരിച്ച ഒരു സൃഷ്ടിയാണ് ദ് സ്റ്റോറി ഒഫ് ദ് ഗ്ലിറ്ററിങ് പ്ളെയിന്‍ (The Story of the Glittering Plain). എഡ്മണ്‍ഡ് സ്പെന്‍സറുടെ ദ് ഫെയറി ക്യൂന്‍ (The Faeire Queen), ദ് ഷെപേഡ്സ് കലണ്ടര്‍ (The Shepheard's Calendar) എന്നിവയാണു മറ്റു പ്രധാനപ്പെട്ട ചിത്രീകരണങ്ങള്‍.

1915 മാ. 14-ന് ക്രെയിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍